കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും അപ്രഖ്യാപിത വൈദ്യുതി മുടക്കവും കടുത്ത വോള്‍ട്ടേജ് ക്ഷാമവും പതിവാകുന്നു. രാത്രികാലങ്ങളില്‍ യാതൊരു സമയക്രമവുമില്ലാതെ നിരന്തരം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുകയാണ്.
വൈദ്യുതി മുടങ്ങുമ്പോള്‍ വിവരങ്ങള്‍ അറിയുന്നതിനായി കരുനാഗപ്പള്ളി വൈദ്യുതി ഭവന് ഓഫീസിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ ജീവനക്കാര്‍ തയാറാകുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പ്രധാന പരാതി.
മണിക്കൂറുകള്‍ക്ക് ശേഷം വൈദ്യുതി തിരിച്ചെത്തിയാലും രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമമാണ് അനുഭവപ്പെടുന്നത്. രാത്രി ഏഴു മുതല്‍ 11വരെ വോള്‍ട്ടേജ് തികച്ചും കുറഞ്ഞ നിലയിലായിരിക്കും. ലൈറ്റുകള്‍ തെളിഞ്ഞാലും തൊട്ടടുത്തിരിക്കുന്ന വസ്തുക്കള്‍ പോലും വ്യക്തമായി കാണാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
തുടര്‍ച്ചയായുണ്ടാകുന്ന കറന്റ് കട്ടും വോള്‍ട്ടേജിലെ വലിയ വ്യതിയാനങ്ങളും മൂലം വീടുകളിലെ ഫ്രിഡ്ജ്, ടി.വി ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടാകുന്നത് പതിവായിരിക്കുകയാണ്. വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.